Thursday, March 19, 2009

വലയില്‍ വീണ കിളികളാണു നാം...

ഞാന്‍ ഒരു കവിതാ പ്രേമിയൊന്നുമല്ലായിരുന്നു. കവിത എന്നത് എനിക്കൊരിക്കലും ദഹിക്കാത്ത വിഷയവുമായിരുന്നു. സ്കൂള്‍ ദിനങ്ങളിലെ പദ്യം മന:പാഠമാക്കുക എന്നത് എനിക്കൊരു ബാലികേറാമല തന്നെയായിരുന്നു. മഹാ കവികളെയും, അവരുടെ കവിഹൃദയത്തെയും ഞാന്‍ ഉള്ളുരുകി ശപിച്ചിട്ടുമുണ്ട്. എന്നിരുന്നാലും ആ കാലഘട്ടത്തില്‍ എന്റെ മനം കവര്‍ന്നതു, എനിക്കേറ്റവും ആസ്വാദ്യകരമായി അനുഭവപ്പെട്ടിട്ടുമുള്ള കവിതയാണ് ഒ.എന്‍.വി യുടെ ആവണിപ്പാടം. ‘ആവണിപ്പാടം കുളിച്ചുതോര്‍ത്തി മുടിയാകെ വിടര്‍ത്തി ഉലര്‍ത്തി നിന്നു’ എന്നു തുടങ്ങുന്ന വരികള്‍ ഇപ്പോഴും നാവിന്‍തുമ്പത്ത് മായാതെ നില്‍പ്പുണ്ട്. മധുസൂദന്‍ നായരുടെ നാറണത്ത്ഭ്രാന്തന്‍ ആണ് പിന്നീടെന്നെ ആകര്‍ഷിച്ച മറ്റൊരു കവിത. പിന്നീട് നീണ്ട പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു കവിതയ്ക്ക് ഞാന്‍ അടിമപ്പെടുകയാണ്. ഭാവാര്‍ദ്രമായ വരികളാല്‍ മെടഞ്ഞെടുത്ത ഈ കവിത അനില്‍ പനച്ചൂരാന്റേതാണ്. വ്യക്തവും, സ്ഫുടവും, താളലയത്തോടുകൂടിയുള്ളതുമായ അദ്ദേഹത്തിന്റെ ആലാപനശൈലി ഈ കവിതയെ മര്‍ത്ത്യഹൃദയങ്ങളില്‍ ആസ്വാദനത്തിന്റെ ഉത്തുംഗശൃംഗങ്ങളിലെത്തിക്കുന്നു..

കവിയുടെ സ്വന്തം ഭാഷ കടമെടുത്താല്‍, പ്രണയത്തിന്റെ പൂക്കള്‍ നെഞ്ചില്‍ ചൂടി പറക്കവേ വേടന്റെ വലയില്‍ വീണ ഇണപ്പറവകളുടെ വേദനയാണിത്!! ഈ വേദന ഓരോ മര്‍ത്ത്യന്റേതു കൂടിയാണ്...
സത്യം!!!

വലയില്‍ വീണ കിളികളാണു നാം..
ചിറകൊടിഞ്ഞൊരിണകളാണു നാം..
വഴിവിളക്കു കണ്ണു ചിമ്മുമീ..
വഴിയിലെന്തു നമ്മള്‍ പാടണം.. (2)

വെയിലെരിഞ്ഞ വയലിലന്നു നാം..
കൊയ്ത്തുപാട്ടു കേട്ടു പാറവേ..
ഞാനൊടിച്ച കതിരു പങ്കിടാന്‍..
കൂടണഞ്ഞ പെണ്‍കിടാവു നീ..

വേടനിട്ട കെണിയില്‍ വീണു നാം..
വേര്‍പെടുന്നു നമ്മളേകരായ്..
കൂട്ടിലന്നു പങ്കുവച്ചൊരാ..
പൊന്‍കിനാക്കളിനി വിരിയുമോ..

ചാഞ്ഞകൊമ്പിലന്നു ശാരികേ..
ഊഞ്ഞലാടി പാട്ടു പാടി നീ..
നിന്റെ ചിറകിന്‍ ചൂടുതേടി ഞാന്‍..
ചിറകടിച്ച ചകിത കാമുകന്‍..

വാണിഭച്ചരക്കു നമ്മളീ..
തെരുവില്‍ നമ്മള്‍ വഴിപിരിയുവോ..
വേടനെന്നെ വിറ്റിടുമ്പോള്‍ നീ..
വേദനിച്ചു ചിറകടിക്കൊലാം..

നിന്നെവാങ്ങുമേതൊരുവനും..
ധന്യനാകുമെന്റെയോമനേ..
എന്റെ കൂട്ടിലന്നുമേകനായ്..
നിന്നെയോര്‍ത്ത് പാട്ടു പാടും ഞാന്‍..

എന്നുമെന്നുമെന്റെ നെഞ്ചകം..
കൊഞ്ചും മൊഴിയില്‍ നിന്നെയോര്‍ത്തിടും..
വില പറഞ്ഞു വാങ്ങിടുന്നിതാ..
എന്റെ കൂടൊരുത്തനിന്നിതാ..

തലയറഞ്ഞു ചത്തു ഞാന്‍ വരും..
നിന്റെ പാട്ടു കേള്‍ക്കുവാനിനീം..
കൂടുവിട്ടുകൂടു പായുമെന്‍..
മോഹമാരു കൂട്ടിലാക്കിടൂം

വലയില്‍ വീണ കിളികളാണു നാം..
ചിറകൊടിഞ്ഞൊരിണകളാണു നാം..
വഴിവിളക്കു കണ്ണു ചിമ്മുമീ..
വഴിയിലെന്തു നമ്മള്‍ പാടണം.. (2)

ഈ കവിത ഇവിടെ നിന്നും കേള്‍ക്കാം..
valayil veena kilikalaanu naam...mp3

15 comments:

വേണു venu said...

വലയില്‍ വീണ കിളികളാണു നാം..
ചിറകൊടിഞ്ഞൊരിണകളാണു നാം..
കവിതയും ആലാപനവും മനോഹരം. ഈ രാത്രിയില്‍ ഈ നല്ല കവിത കേള്‍ക്കാന്‍ നല്‍കിയതിനു് നന്ദി.!

പകല്‍കിനാവന്‍ | daYdreaMer said...

ആശംസകള്‍..

മുക്കുവന്‍ said...

കൊള്ളാലോ..!

അനില്‍@ബ്ലോഗ് // anil said...

കവിതകള്‍ക്ക് ഇപ്പ്ലോള്‍ പ്രവേശനം നിര്‍ത്തിവച്ചിരിക്കുകയാണ് മനസ്സിലേക്ക്.
എന്നാലും സൌകര്യം പോലെ കേള്‍ക്കാം.
എനിക്ക് അവണിപ്പാടത്തെക്കാള്‍ ഗോതമ്പുമണികളാണിഷ്ടം:)

ശ്രീ said...

ഇതിവിടെ പങ്കു വച്ചതിനു നന്ദി.

സുപ്രിയ said...

കോളേജില്‍ പഠിച്ചിരുന്ന കാലത്ത് ഒത്തിരി പാടിയ പാട്ടാണ്. കേട്ടപ്പോള്‍ പഴയ ഓര്‍മ്മകള്‍...

നന്ദി.

ഹരീഷ് തൊടുപുഴ said...

വേണുവേട്ടാ: നന്ദി..

പകല്‍കിനാവന്‍: നന്ദി..

മുക്കുവന്‍: നന്ദി..

അനില്‍ജി: ഏതായാലും ഇതൊന്നു കേട്ടു നോക്കൂ; ഇഷ്ടപ്പെടും എന്നു തന്നെയാണെനിക്കു തോന്നുന്നത്..നന്ദിയോടെ

ശ്രീ: നന്ദി..

സുപ്രിയ: കുറേ ദിവസമായല്ലോ കണ്ടിട്ട്; എക്സാമിന്റെ തിരക്കാണോ??
നന്ദിയോടെ..

smitha adharsh said...

ഇത് ഒരു ഫ്രണ്ട് അയച്ചു തന്നു ഒരിയ്ക്കല്‍ കേട്ടിരുന്നു...
ഒരിയ്ക്കല്‍ കൂടി കേള്‍ക്കാന്‍ കഴിഞ്ഞതിനു നന്ദി.
വാര്‍ഷിക പോസ്റ്റ് പോന്നോട്ടെ കേട്ടോ...

നരിക്കുന്നൻ said...

നല്ല കവിത.

ഇതിവിടെ പരിചയപ്പെടുത്തിയതിന് നന്ദി.

ജിജ സുബ്രഹ്മണ്യൻ said...

എനിക്ക് ഒത്തിരിയൊത്തിരി ഇഷ്ടപ്പെട്ട ഒരു കവിത.കവിത ഇഷ്ടമായി തുടങ്ങുന്നതു തന്നെ ഇതും അഗസ്സ്ത്യഹൃദയവും ഒക്കെ കേട്ടാണു.ഒത്തിരി നന്ദി ഹരീഷ്.

പാവത്താൻ said...

തലയറഞ്ഞു ചത്തു ഞാൻ വരും
നിന്റെ പാട്ടു കേൾക്കുവാനിനീം.....

ചാണക്യന്‍ said...

ഈ വിരല്‍ ചൂണ്ടലിനു നന്ദി ഹരീഷ്....

സമാന്തരന്‍ said...

പനച്ചൂരാനെ ഇവിടെ പരിചയപ്പെടുത്തിയതിന് നന്ദി‍

കാവാലം ജയകൃഷ്ണന്‍ said...

പനച്ചൂരാന്‍റെ ഏതു കവിതയാണ് ഹൃദ്യമല്ലാത്തത്‌? ഈ സി ഡി എന്‍റെ കയ്യിലുണ്ട്‌. ഇതില്‍ തന്നെയൂള്ള ‘പാര്‍വ്വതി’,, തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത്ത കേള്‍ക്കാന്‍ (പിന്നീട്‌ അറാബിക്കഥയില്‍ യേശുദാസ്‌ പാടിയത്) തുടങ്ങിയ കവിതകള്‍ എത്ര കേട്ടാലും മതിവരില്ല

ഇതിവിടെ പങ്കു വച്ചതിന് നന്ദി

ഹരീഷ് തൊടുപുഴ said...

സ്മിതാ: വാര്‍ഷികപോസ്റ്റ് വേണോ പെങ്ങളേ... നന്ദിയോടെ

നരിക്കുന്നന്‍ജി: നന്ദി..

കാന്താരിചേച്ചി: നന്ദി..

പാവത്താന്‍: എനിക്കും ഏറെ ഇഷ്ടപ്പെട്ട വരീകള്‍ അതുതന്നെ; നന്ദിയോടെ..

ചാണക്യജി: എവിടെ പോയി കുറച്ചു ദിവസം?? എന്തു പറ്റി?? ഫോണ്‍ നമ്പര്‍ തരൂ.. ഞാന്‍ വിളിക്കാം. നന്ദിയോടെ...

സമാന്തരന്‍: നന്ദി..

ജയകൃഷ്ണന്‍ജി: കവിതക്കു മുന്‍പേ സിനിമയില്‍ ‘തിരികേ വരുമ്പോള്‍’ കേട്ടതുകൊണ്ട് ഒരു ഗുമ്മായിത്തോന്നിയില്ല. കാരണം സിനിമയില്‍ കേട്ടത് എന്റെ മനസ്സില്‍ പതിഞ്ഞുപോയതുകൊണ്ടാ.
അദ്ദേഹത്തിന്റെ കവിതകള്‍ എല്ലാം സൂപ്പെര്‍!!
നന്ദിയോടെ..