Wednesday, February 18, 2009

സദാ പാലയ..

2003 മേയില്‍ ആണെന്നുതോന്നുന്നു, ഞാനെന്റെ ജീവിതത്തിലെ ആദ്യത്തേതും അവസാനത്തേതുമായ പെണ്ണുകാണല്‍ ചടങ്ങ് നടത്തിയത്. മാത്രുഭൂമി ദിനപത്രത്തിലെ വിവാഹപരസ്യത്തില്‍ നിന്നും ലഭിച്ച ഒരു ആലോചനയായിരുന്നുവത്. പെണ്‍കുട്ടി M.Com നു പഠിക്കുകയാണെന്നും, ഒരു കൊച്ച് സംഗീതജ്ഞയാണെന്നതും അറിഞ്ഞതിനാല്‍ എനിക്ക് ഒരു പൊടി താല്പര്യമൊക്കെയുണ്ടായിരുന്നു. കാരണം, പാട്ടുകേട്ട് ജീവിതാവസാനം വരെ രസിച്ചിരിക്കാം എന്നതൊന്നുമല്ലായിരുന്നൂ ട്ടോ; സംഗീതജ്ഞരൊക്കെയാകുമ്പോള്‍ ഇത്തിരി ക്ഷമാശീലരും, സഹിഷ്ണുതയുള്ളവരും ആയിരിക്കും എന്ന ധാരണ മൂലമായിരുന്നുവത്. [പിന്നീടാ ധാരണയൊക്കെ വെറും തെറ്റിദ്ധാരണയാണെന്നു കാലം തെളിയിച്ചേ!!!] അങ്ങനെയീരിക്കേ ഒരു ഞായറാഴ്ച മദ്ധ്യാനശേഷം ഞങ്ങള്‍ അതായത് ഞാന്‍, അമ്മാവന്‍, കൂട്ടുകാരന്‍, എന്റെ കാറിന്റെ ഡ്രൈവര്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് യാത്രതിരിച്ചു. കോട്ടയത്തായിരുന്നു വീട്. പോകുന്ന വഴിയില്‍ പാലാ കഴിഞ്ഞപ്പോള്‍ നല്ല ഒരു മഴ പെയ്തിരുന്നു. ആ മഴ കഴിഞ്ഞതിനുശേഷം പാതിവെയില്‍ വിരിഞ്ഞുനിന്ന സമയത്തായിരുന്നു ഞങ്ങള്‍ അവളുടെ വീട്ടിലേക്ക് കയറിച്ചെന്നത്. ജീവിതത്തിലെ 90% കാലത്തും കട്ടന്‍കാപ്പി മാത്രം കുടിച്ചുശീലിച്ച എന്റെ മുന്‍പിലേക്ക് പാല്‍കാപ്പിയുമായി, നമ്രമുഖിയായി അവള്‍ മന്ദം മന്ദം നടന്നുവന്നു.
ആദ്യമായിട്ട് പെണ്ണുകാണുന്നതിന്റെ ഒരു ‘ഇത്’ എന്റെ മുഖത്ത് തെളിഞ്ഞുകാണാമായിരുന്നു. എന്റെ ഇടനെഞ്ച് ഒരുമാതിരി ശക്തിയായിത്തന്നെ പെടക്കുന്നുണ്ടായിരുന്നു. ഇത്തിരി ചമ്മലോടെ ഞാനും അത്രയ്ക്ക് കൂസലില്ലാതെ അവളും തമ്മില്‍ മിഴികള്‍ പങ്കുവച്ചു. അക്കാലങ്ങളില്‍ എനിക്കൊരു പതിവുണ്ട്. അപരിചിതരായ പെണ്‍കുട്ടികളുമായി സംസാരിക്കുമ്പോഴോ, അവരുമായി ഇടപഴകുമ്പോഴോ എന്റെ ഇടത്തേ മീശയുടെ മുകളില്‍ കവിള്‍ തുടങ്ങുന്നിടത്ത് അല്പാല്‍പ്പമായി വിറച്ചുകൊണ്ടിരിക്കും. അതു കണ്ട് സാധാരണ ഒരുമാതിരിപ്പെട്ടോരൊക്കെ നമ്മളെ തെറ്റിദ്ധരിക്കാറുമുണ്ടായിരുന്നു. ആ സേയിം സംഭവം ഇവിടെയുമുണ്ടയി. ഇതെങ്ങാനും കണ്ട് ഞാന്‍ വല്ല ഞരമ്പ് രോഗിയാണെന്നെങ്ങാനും ഈ പെണ്‍കുട്ടി തെറ്റിദ്ധരിക്കാതിരിക്കാന്‍ മുഖത്താകമാനം മസില്‍ പിടിച്ചാണ് ഞാനിരുന്നത്. ഇതിനിടയില്‍ പെണ്‍കുട്ടി മുറിക്കുള്ളില്പോയെവിടെയോ മറഞ്ഞിരുന്നു. നമ്മുടെ ന്യൂനത പരിഹരിക്കാന്‍ ശ്രമിച്ച സമയത്ത് വദനം ഹനുമാന്‍ തുല്യാമായതിനാലാണോ, അവള്‍ ഓടിക്കളഞ്ഞത് എന്നോര്‍ത്ത് ഇത്തിരി ഇച്ഛാഭംഗം തോന്നി. ഇതിനിടയില്‍ എന്റെ കൂടെ വന്ന കാരണവതുല്യനായ അമ്മാവനും, പെണ്‍കുട്ടിയുടെ അച്ഛനും തമ്മില്‍ ഒരോരോ വിശേഷങ്ങള്‍ പറയുവാനാരംഭിച്ചിരുന്നു. എങ്ങും തൊട്ടും തൊടാതെയുമുള്ള ഈ സംസാരത്തിനിടയ്ക്ക് എന്റെ കണ്ണുകള്‍ ഞാന്‍ അവള്‍ കയറിപ്പോയ വാതില്പടിലേക്കെറിഞ്ഞുകൊണ്ടിരുന്നു. എവടെ; നോ രക്ഷാ!! പൊടി പോലുമില്ല കണ്ടു പിടിക്കാന്‍!!

കാരണവന്മാര്‍ തമ്മില്‍ ലോകകാര്യങ്ങളും പറഞ്ഞിരിക്കുന്നു. എന്റെ മനസ്സാണെങ്കില്‍ എരിപൊരി സഞ്ചാരത്തിലും. ഒന്നു മര്യദയ്ക്ക് കാണാനോ സാധിച്ചില്ല; ഒന്നു കണ്ടുസംസാരിക്കാനുള്ള അവസരം ഉണ്ടാക്കിത്തരാതെ ഈ കാര്‍ന്നോന്മാരെന്തു പരദൂഷണം പറഞ്ഞിരിക്കുവാണോ... @#$%^ ങ്ഹാ!! അവസാനം ഞാന്‍ തന്നെ നാണംകെട്ട് ലവളുടെ അപ്പനോട് എന്റെ ഇംഗിതം ഉണര്‍ത്തിച്ചു.
കുശാഗ്രബുദ്ധിക്കാരനായ അവളുടെ അപ്പന്‍ എന്റെ നേരെ ഒന്നിരുത്തി നോക്കി;[ഞാനെന്തോ അവളെ പിടിച്ചുതിന്നാന്‍ പോവാണോ എന്നു കരുതിയുള്ള നോട്ടം!!] എന്നിട്ട് സമ്മതം മൂളി. കേട്ടപാതി കേക്കാത്ത പാതി ഒരു ദീര്‍ഘനിശ്വാസവും വിട്ട് അവള്‍ മറഞ്ഞുപോയ വാതിലിന്റെ നേര്‍ക്ക് ഞാന്‍ ആഞ്ഞുനടന്നു. [പിന്നീടാണ് അവള്‍ പറഞ്ഞ് ഞ്ഞാന്‍ അറിഞ്ഞത്, ഞാനാണത്രേ അവളോടാദ്യമായി മിണ്ടിയ പെണ്ണുകാണാന്‍ വന്ന ചെക്കന്‍!!!! എന്റമ്മോ!! എന്തൊരു വീട്!! എന്തൊരു മനുഷ്യര്‍!!]

ഒരു കൊച്ച് സംഗീതജ്ഞയായതിനാല്‍ സംഗീതത്തെപറ്റിയായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ചര്‍ച്ച. ടി.യാത്തി അരങ്ങേറ്റമൊക്കെ കഴിഞ്ഞ്; ശിഷ്യഗണങ്ങളൊക്കെയുള്ള ഒരു കൊച്ചു പുലിയായിരുന്നു. നമ്മളോ ഒരു പാവം!! സംഗീതത്തിന്റെ എ,ബി,സി,ഡി അറിയാന്‍ മേലാത്തവനും. പോരാഞ്ഞിട്ട്, കലാഭവന്‍ മണിച്ചേട്ടന്റെ ഒരു കടുത്ത ഫാനും. സംഗീതവും, നാടന്‍പാട്ടും തമ്മിലെവിടെച്ചേരാനാണ്!! ഇടക്കെപ്പോഴോ പാട്ടുകളൊക്കൈഷ്ടമാണോ എന്ന ചോദ്യത്തിന്; മണിച്ചേട്ടന്റെ പാട്ടുകളാണെനിക്ക് ഏറ്റവും ഇഷ്ടം എന്നു പറയുകയും ചെയ്തു.

ഏതയാലും ആ പെണ്ണുകാണല്‍ ചടങ്ങിനവിടെ പരിസമാപ്തിയായി. പിന്നീടവരുടെ വീട്ടുകാര്‍ എന്റെ വീട്ടിലും, എന്റെ വീട്ടുകാര്‍ അവരുടെ വീട്ടിലും സന്ദര്‍ശനം നടത്തുകയുണ്ടായി. അപ്പോഴേക്കും ഞങ്ങളുടെ കാര്യത്തിലെന്തൊക്കെയോ തീരുമാനങ്ങള്‍ ആയതിനാല്‍, അവള്‍ എനിക്കൊരു സമ്മാനം കൊടുത്തുവിട്ടു. ഒരു സോണിയുടെ കാസെറ്റ്!! അവളുടെ അരങ്ങേറ്റത്തിന്റെ കീര്‍ത്തനങ്ങള്‍ അടങ്ങിയതായിരുന്നുവത്. ദിവസേന ഒരു പ്രാവശ്യമെങ്കിലും ഞാനാ കാസെറ്റ് ഇട്ടുകേള്‍ക്കുമായിരുന്നു വിവാഹദിനം വരെ!! പിന്നീടോ...; സംഗീതം എന്നു കേട്ടാലിപ്പോള്‍ എനിക്കു പേടിയാ!!!!

ഇതാ ആ അരങ്ങേറ്റദിവസത്തില്‍ അവള്‍ പാടിയ ഒരു കീര്‍ത്തനം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു...
എന്നെ ഓടിക്കരുതേ...
ഗാനം ഇവിടെയുണ്ടേ