Saturday, July 4, 2009

നദീ നദീ നിളാനദി..

92 ല്‍ ... തമിഴ് നാട്ടിലെ പോളിടെക്നിക്ക് പഠനകാലം.
ക്ലാസ്സുകള്‍ ആരംഭിച്ച് രണ്ടുമൂന്നു മാസ്സങ്ങള്‍ക്കുശേഷം ഷിജു എന്നൊരു വിദ്യാര്‍ത്ഥി പുതിയതായി ചേരുകയുണ്ടായി.
എര്‍ണാകുളം ജില്ലയിലെ പുത്തെങ്കുരിശിനടുത്തുള്ള ‘പൂതൃക്ക’ എന്ന കുഗ്രാമത്തിലെ അന്തേവാസിയായിരുന്നു അദ്ദേഹം.
അന്നത്തെകാലത്തും കാളവണ്ടി നിത്യേന ഉപയോഗിച്ചുകൊണ്ടിരുന്ന ആ നാട്ടുകാരുടെ സ്മരണാര്‍ത്ഥം ഞങ്ങളദ്ദേഹത്തെ ‘പൂതൃക്ക’ എന്നു സ്നേഹപുരസ്സരം പേരിട്ടുവിളിച്ചു കൊണ്ടിരുന്നു.
നമ്മുടെ പൂതൃക്ക ഒരു പഞ്ചപാവവും, ഒട്ടേറെ സ്വപ്നങ്ങള്‍ മനസ്സിലിട്ട് താലോലിച്ച് കൊണ്ടു നടന്നിരുന്നൊരാളുമായിരുന്നു.
കോലെഞ്ചേരിയിലെ പ്രീഡിഗ്രീ പഠനകാലത്തെ തന്റെ സഹപാഠിയോടുള്ള അഗാധമായ സ്നേഹത്തിന്റെ പുറത്തായിരുന്നു അദ്ദേഹം ഈ ക്ലാസുകളില്‍ ചേരുവാന്‍ തന്നെ വൈകിയിരുന്നത്.
തന്റെ പ്രേയസിയോടുള്ള അഗാധമായ പ്രേമം അദ്ദേഹത്തെ കൂടുതല്‍ സമര്‍ത്ഥമായി പഠിക്കുവാനും, അതുവഴി ഒരു ഉന്നതി കരസ്ത്ഥമാക്കുവാനും പ്രേരിപ്പിച്ചിരുന്നു.
അന്നാക്കാലത്ത് വിരഹദുഖത്തില്‍ മുഴുകുമ്പോള്‍ തന്റെ പ്രിയതമയുടെ ഓര്‍മക്കായി പാടിയിരുന്ന ഒരു ഗാനമാണ് ഷെവലിയാര്‍ മിഖായേല്‍ എന്ന സിനിമയിലെ ‘നദീ നദീ നിളാനദി’ എന്നു തുടങ്ങുന്ന ഈ ഗാനം.
തന്റെ പ്രിയതമയെ നിളയോടുപമിച്ചുകൊണ്ടുള്ള ഈ ഗാനം സംഗീതം ഇഷ്ടപ്പെട്ടിരുന്ന ഞങ്ങളേവര്‍ക്കും ഹൃദ്യവും, ആസ്വാദ്യകരവുമയിരുന്നു .


നിള എന്നും എന്റെയുമൊരു ദൌര്‍ബല്യമായിരുന്നു.
വള്ളുവനാടന്‍ ഭാഷയും, നിളയും എന്നെയെന്നും മറ്റൊരു ലോകത്തേക്കുതന്നെ കൂട്ടിക്കൊണ്ടുപോയിരുന്നു.
ഊഞ്ഞാല്‍ വായിച്ച് രസം പിടിച്ചിരുന്ന സമയമായതുകൊണ്ടും വള്ളുവനാടന്‍ ഭാഷയെ ഞാനേറെ സ്നേഹിച്ചിരുന്നു.
എം.ടി. യുടെ കഥകളും, മറ്റുസിനിമകളും എന്നെ നിളയോടടുപ്പിക്കാന്‍ മറ്റൊരു കാരണമായി.
വറ്റിവരണ്ടിട്ടും, ഇന്നും ഞാന്‍ നിളയെ സ്നേഹിക്കുന്നു; അത്യന്തം...

ഇതാ ആ നിളയെക്കുറിച്ചൊരു ഗാനം..
ഷെവലിയാര്‍ മിഖായേല്‍ എന്ന ചിത്രത്തില്‍ യേശുദാസ്, ഭാവമുള്‍ക്കൊണ്ട് ഹൃദയസ്പര്‍ശിയായി ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ രചയിതാവാരെന്ന് അറിയില്ല.
കുറെയേറെ അന്വോഷിച്ചു നടന്നതിനുശേഷം കുറച്ചുനാള്‍ മുന്‍പ് അവിചാരിതമായിട്ടാണീ ഗാനം ഒരിടത്തുനിന്നും ലഭിച്ചത്.
വിനോദിനിയാണു ഈ ചിത്രത്തിലെ നായികയെന്നോര്‍മിക്കുന്നു..
നായകന്‍ ഒരു പുതുമുഖമാണെന്നാണോര്‍മ്മ.
സംവിധായകനും, സംഗീതസംവിധായകനും ആരാണെന്നോര്‍മ്മയില്ല.
ഈ ചിത്രത്തേപ്പറ്റിയും, ഗാനത്തേപ്പറ്റിയും കൂടുതലായറിയുന്നവര്‍ ഇവിടെ പങ്കുവെക്കുമെന്നു താല്പര്യപ്പെടുന്നു..


ഇതാ ഗാനം ഇവിടെയുണ്ട്

NADHI NADHI NILA NADHI- YESUDAS.mp3