Thursday, March 19, 2009

വലയില്‍ വീണ കിളികളാണു നാം...

ഞാന്‍ ഒരു കവിതാ പ്രേമിയൊന്നുമല്ലായിരുന്നു. കവിത എന്നത് എനിക്കൊരിക്കലും ദഹിക്കാത്ത വിഷയവുമായിരുന്നു. സ്കൂള്‍ ദിനങ്ങളിലെ പദ്യം മന:പാഠമാക്കുക എന്നത് എനിക്കൊരു ബാലികേറാമല തന്നെയായിരുന്നു. മഹാ കവികളെയും, അവരുടെ കവിഹൃദയത്തെയും ഞാന്‍ ഉള്ളുരുകി ശപിച്ചിട്ടുമുണ്ട്. എന്നിരുന്നാലും ആ കാലഘട്ടത്തില്‍ എന്റെ മനം കവര്‍ന്നതു, എനിക്കേറ്റവും ആസ്വാദ്യകരമായി അനുഭവപ്പെട്ടിട്ടുമുള്ള കവിതയാണ് ഒ.എന്‍.വി യുടെ ആവണിപ്പാടം. ‘ആവണിപ്പാടം കുളിച്ചുതോര്‍ത്തി മുടിയാകെ വിടര്‍ത്തി ഉലര്‍ത്തി നിന്നു’ എന്നു തുടങ്ങുന്ന വരികള്‍ ഇപ്പോഴും നാവിന്‍തുമ്പത്ത് മായാതെ നില്‍പ്പുണ്ട്. മധുസൂദന്‍ നായരുടെ നാറണത്ത്ഭ്രാന്തന്‍ ആണ് പിന്നീടെന്നെ ആകര്‍ഷിച്ച മറ്റൊരു കവിത. പിന്നീട് നീണ്ട പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു കവിതയ്ക്ക് ഞാന്‍ അടിമപ്പെടുകയാണ്. ഭാവാര്‍ദ്രമായ വരികളാല്‍ മെടഞ്ഞെടുത്ത ഈ കവിത അനില്‍ പനച്ചൂരാന്റേതാണ്. വ്യക്തവും, സ്ഫുടവും, താളലയത്തോടുകൂടിയുള്ളതുമായ അദ്ദേഹത്തിന്റെ ആലാപനശൈലി ഈ കവിതയെ മര്‍ത്ത്യഹൃദയങ്ങളില്‍ ആസ്വാദനത്തിന്റെ ഉത്തുംഗശൃംഗങ്ങളിലെത്തിക്കുന്നു..

കവിയുടെ സ്വന്തം ഭാഷ കടമെടുത്താല്‍, പ്രണയത്തിന്റെ പൂക്കള്‍ നെഞ്ചില്‍ ചൂടി പറക്കവേ വേടന്റെ വലയില്‍ വീണ ഇണപ്പറവകളുടെ വേദനയാണിത്!! ഈ വേദന ഓരോ മര്‍ത്ത്യന്റേതു കൂടിയാണ്...
സത്യം!!!

വലയില്‍ വീണ കിളികളാണു നാം..
ചിറകൊടിഞ്ഞൊരിണകളാണു നാം..
വഴിവിളക്കു കണ്ണു ചിമ്മുമീ..
വഴിയിലെന്തു നമ്മള്‍ പാടണം.. (2)

വെയിലെരിഞ്ഞ വയലിലന്നു നാം..
കൊയ്ത്തുപാട്ടു കേട്ടു പാറവേ..
ഞാനൊടിച്ച കതിരു പങ്കിടാന്‍..
കൂടണഞ്ഞ പെണ്‍കിടാവു നീ..

വേടനിട്ട കെണിയില്‍ വീണു നാം..
വേര്‍പെടുന്നു നമ്മളേകരായ്..
കൂട്ടിലന്നു പങ്കുവച്ചൊരാ..
പൊന്‍കിനാക്കളിനി വിരിയുമോ..

ചാഞ്ഞകൊമ്പിലന്നു ശാരികേ..
ഊഞ്ഞലാടി പാട്ടു പാടി നീ..
നിന്റെ ചിറകിന്‍ ചൂടുതേടി ഞാന്‍..
ചിറകടിച്ച ചകിത കാമുകന്‍..

വാണിഭച്ചരക്കു നമ്മളീ..
തെരുവില്‍ നമ്മള്‍ വഴിപിരിയുവോ..
വേടനെന്നെ വിറ്റിടുമ്പോള്‍ നീ..
വേദനിച്ചു ചിറകടിക്കൊലാം..

നിന്നെവാങ്ങുമേതൊരുവനും..
ധന്യനാകുമെന്റെയോമനേ..
എന്റെ കൂട്ടിലന്നുമേകനായ്..
നിന്നെയോര്‍ത്ത് പാട്ടു പാടും ഞാന്‍..

എന്നുമെന്നുമെന്റെ നെഞ്ചകം..
കൊഞ്ചും മൊഴിയില്‍ നിന്നെയോര്‍ത്തിടും..
വില പറഞ്ഞു വാങ്ങിടുന്നിതാ..
എന്റെ കൂടൊരുത്തനിന്നിതാ..

തലയറഞ്ഞു ചത്തു ഞാന്‍ വരും..
നിന്റെ പാട്ടു കേള്‍ക്കുവാനിനീം..
കൂടുവിട്ടുകൂടു പായുമെന്‍..
മോഹമാരു കൂട്ടിലാക്കിടൂം

വലയില്‍ വീണ കിളികളാണു നാം..
ചിറകൊടിഞ്ഞൊരിണകളാണു നാം..
വഴിവിളക്കു കണ്ണു ചിമ്മുമീ..
വഴിയിലെന്തു നമ്മള്‍ പാടണം.. (2)

ഈ കവിത ഇവിടെ നിന്നും കേള്‍ക്കാം..
valayil veena kilikalaanu naam...mp3