Sunday, November 23, 2008

ഉമ്പായി കുച്ചാണ്ട്....

വര്‍ഷങ്ങളായി ഞാന്‍ മണിച്ചേട്ടന്റെ ഒരു കടുത്ത ഫാനാണ്. എന്നു പറഞ്ഞാല്‍ കഴിഞ്ഞ 12 വര്‍ഷങ്ങളായി. ആദ്യമായി മണിച്ചേട്ടന്റെ ശബ്ദം ഞാന്‍ കേള്‍ക്കുന്നത് 96ലെ ഓണത്തിനിറങ്ങിയ ‘ഓണത്തിനിടക്ക് പൂട്ടു കച്ചവടം’ എന്ന കാസ്സെറ്റില്‍ നിന്നാണ്. അന്നു തൊട്ട് ആരാധനയും തുടങ്ങി. ജീവിതത്തില്‍ മറ്റാരോടും ഇല്ലാത്ത ഒരരാധനയാണ് ഇദ്ദേഹത്തോട്. കാരണം ഇദ്ദേഹം ഇന്നു വരെ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം സത്യസന്ധമാണ്. ഇല്ലായ്മയില്‍ നിന്നും സ്വന്തം കഴിവിനാല്‍ ഉയര്‍ത്തെഴുന്നേറ്റ് ഇത്രടം വരെയായിട്ടും അഹങ്കാരത്തിന്റെ നേരിയ കണിക പോലും ഉണ്ടായിട്ടില്ലാത്ത എണ്ണപ്പെട്ട മനുഷ്യരില്‍ ഒരളാണദ്ദേഹം. കാശൊക്കെ കിട്ടി വലുതായിട്ടും വന്നവഴിയോ, നാട്ടുകാരെയോ, വീട്ടുകാരെയോ മറക്കാത്ത അദ്ദേഹത്തിന്റെ പേരിലാണ് ‘ചാലക്കുടി’ എന്റെ മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്നത്.

ഇപ്പോള്‍ എന്റെ രണ്ടുവയസ്സായ കുഞ്ഞിപ്പെണ്ണും മണിമാമന്റെ കടുത്ത ആരാധികയാണ്. മണിമമന്റെ ‘ഉമ്പായി കുച്ചാണ്ട്’ കാണാതെ [നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു കൊടുക്കും] ഒരു ദിവസം പോലും ഉറങ്ങാനാവില്ല കക്ഷിക്ക്.മോള്‍ ഉറങ്ങണമെങ്കില്‍ ഒന്നെങ്കില്‍ ഞാനീ പാട്ട് പാടിയുറക്കണം. ഇല്ലെങ്കില്‍ ഈ പാട്ട് കണ്ടുകണ്ടുറക്കണം. അത്രക്കിഷ്ടമാണ് ഈ പാട്ട് കക്ഷിക്ക്. എന്റെ ഭാര്യ ഒരു സംഗീതജ്ഞ ആയിരുന്നു. പുള്ളിക്കാരിക്ക് മണിച്ചേട്ടന്റെ പാട്ടുകളോട് അവജ്ഞയായിരുന്നു. ശാസ്ത്രീയസംഗീതക്കാരിക്ക് നാടന്‍പാട്ടുകള്‍ അല്ലെങ്കില്‍ അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ പാരടിപ്പാട്ടുകളോട് ഇങ്ങനെ തോന്നുക സ്വാഭാവികമാണല്ലോ.. സംഗീത്തത്തിന്റെയും, ഈ സാദാപാട്ടിന്റെയും പേരില്‍ ഒരു ദിവസം എന്നോട് വഴക്കിടുകയും പോലുമുണ്ടായിട്ടുണ്ട്. അത്രക്കേറെ ചതുര്‍ത്ഥിയായിരുനു അവള്‍ക്ക് അദ്ദേഹത്തിന്റെ പാട്ടുകളോട്. അവസാനം അവള്‍ക്ക് മുട്ടു മടക്കേണ്ടിവന്നു. എങ്ങനെയാണെന്നറിയേണ്ടെ? കഴിഞ്ഞ തവണ അവള്‍ അവളുടെ വീട്ടില്‍ പോയപ്പോള്‍, നമ്മുടെ കുഞ്ഞാരാധികയെ ഉറക്കാന്‍ വേണ്ടി ക്ഷ, മ്മ, ങ്ങ ഒക്കെ കുറെ വരച്ചു. നമ്മുടെ കുഞ്ഞാരാധിക വിടുമോ? അവള്‍ക്ക് ഒന്നെങ്കില്‍ അവളുടെ അച്ച വേണം, ഇല്ലെങ്കില്‍ അച്ഛന്റെ പാട്ട് വേണം. [ഞാന്‍ പോയിരുന്നില്ല കെട്ടോ അവരുടെ കൂടെ] അവസാനം എന്തുപറ്റി, ചതുര്‍ത്ഥിയായ മണിച്ചേട്ടന്റെ ഈ പാട്ട് പാടി ഉറക്കേണ്ടിവന്നു..

പോയകാലങ്ങളിലെ പാവപ്പെട്ടവന്റെ ഒരു ദിവസം ഓര്‍പ്പിക്കുന്നു ഈ ഗാനം...
ഇല്ലായ്മയുടെയും വല്ലായ്മയുടെയും കാലം....
കിട്ടണ കാശിനുമുഴുവനും കള്ളുകുടിച്ച് കയറിവരുന്ന ഭര്‍ത്താവ്...
ഭര്‍ത്താവ് കൊണ്ടുവരുന്ന അരി കഴുകി ഇടാന്‍ പാകത്തിന് അടുപ്പില്‍ വെള്ളവും ചൂടാക്കി കാത്തിരിക്കുന്ന ഭാര്യ...
പാടവരമ്പത്തു കൂടി ചൂട്ടുകറ്റയുടെ ജ്വാല കാണുന്നുണ്ടോ എന്നു സാകൂതം വീക്ഷിച്ച് വിശന്ന് കരഞ്ഞുകൊണ്ട് നില്‍ക്കുന്ന കുഞ്ഞുമകള്‍...
എന്നിട്ടോ?????
ഇനി നിങ്ങളും കേള്‍ക്കൂ ഈ ഗാനം....
02-Track.mp3

Tuesday, September 30, 2008

പണ്ടൊരു പുഴയരുകില്‍....

1983ലോ- 84ലോ
ആണെന്നുതോന്നുന്നു, എന്റെ പപ്പ വൈകുന്നേരം ജോലിയും കഴിഞ്ഞുവന്നപ്പോള്‍ കൂടെ രണ്ടൂകണ്ണൂകളും ഇരുനിറമുള്ളതുമായ ഒരു പെട്ടിയുമുണ്ടായിരുന്നു. അദ്ദേഹം ആ പെട്ടിയുടെ മൂലക്കുകുത്തിയിട്ടിരുന്ന വയറിന്റെ അഗ്രഭാഗമെടുത്ത് വൈദ്യുതിപ്പെട്ടിയിലെ ദ്വാരത്തിലേക്ക് കടത്തി അമര്‍ത്തിവച്ചിട്ട്, പെട്ടിയുടെ മുകളിലുണ്ടായിരുന്ന ചെറിയ കട്ടകളിലൊന്നിനെ അമര്‍ത്തി. അപ്പോള്‍ അതിന്മേലുള്ള ചുവന്നനിറമുള്ള ലൈറ്റുകള്‍ മിന്നിത്തെളിയുകയും, കറുത്തകണ്ണുകളില്‍നിന്നും പാട്ടുകള്‍ ബഹിര്‍ഗമിക്കാന്‍ തുടങ്ങുകയും ചെയ്തു. ഞാനും എന്റെ കുഞ്ഞുപെങ്ങളും ഒട്ടേറെ കൌതുകത്തോടുകൂടിയും, അതിലേറെ അല്‍ഭുതത്തോടുകൂടിയും വായും പൊളിച്ച് ഈ കാഴ്ച നോക്കിക്കാണുകയും, പാട്ടുകള്‍ ശ്രവിക്കുകയും ചെയ്തുകൊണ്ടിരുന്നു. അക്കാലത്ത് ബാലഭാസ്കരന്റെ ഇളം രശ്മികള്‍ ജന്നലുകളിലെ ഉരുണ്ടമരക്രാസികള്‍ക്കിടയിലൂടെ കടന്ന് ഞങ്ങളുടെ വദനങ്ങളില്‍ പതിക്കുമ്പോള്‍; കണ്ണും തിരുമ്മി ഞങ്ങള്‍ രണ്ടു പേരും കെട്ടിപ്പിടിച്ചുകിടക്കും. അപ്പോള്‍ ആ ഇരുനിറമുള്ള പെട്ടിയില്‍ നിന്നും സംസ്കൃത വാര്‍ത്തകളും, പ്രാദേശിക വാര്‍ത്തകളും, പ്രഭാതഭേരിയും, ലളിത ചലചിത്രഗാനങ്ങളും ഒഴുകുന്നുണ്ടായിരിക്കും. ആ കാലത്താണെന്നുതോന്നുന്നു തരംഗിണി കാസെറ്റ്സ് ഇറക്കിയതും; യേശുദാസ്, ചിത്ര, ഗീതു മോഹന്‍ദാസ് എന്നിവര്‍ പാടിയതുമായ “ചില്‍ഡ്രെന്‍ സോങ്ങ്സ്“ ഇറങ്ങിയതും, കേട്ടുതുടങ്ങിയതും. കുട്ടികള്‍ക്കുള്ള സാരോപദേശകഥകള്‍ ഗാനരൂ‍പത്തിലാക്കിയതായിരുന്നു ആ കാസെറ്റിന്റെ ഉള്ളടക്കം. പിന്നീട് സി.ഡി. യുഗത്തില്‍ ആ മധുരിക്കുന്ന ഓര്‍മകളടങ്ങിയ പാട്ടുകള്‍ സി.ഡി.യിലാക്കി ശേഖരിക്കുവാനും, ഇപ്പോള്‍ എന്റെ കുഞ്ഞിനു കേള്‍പ്പിച്ചു കൊടുക്കുവാനും കഴിഞ്ഞു.

ഇനി നിങ്ങളും കേള്‍ക്കൂ അതില്‍ നിന്നൊരു ഗാനം....PAND - ORU_PUZHAYARUKIL.wma

Sunday, September 28, 2008

തേരേ മേരേ മിലനു കി യേ രേനാ....

2000 ലാണെന്നു തോന്നുന്നു, ഒരു രാത്രി ദൂരദര്‍ശനില്‍ അഭിമാന്‍ എന്നൊരു ഹിന്ദി സിനിമ ഉണ്ടായിരുന്നു. സുന്ദരിയായ വിധവ യുവതിയോട് സ്നേഹത്തിലാകുന്ന ചെറുപ്പക്കാരന്‍ യുവാവിന്റെ കഥയാണ് അഭിമാന്‍. വിധവയായി ജയാബച്ചനും, യുവാവായി അമിതാഭും ആണ് അഭിനയിക്കുന്നത്. സംവിധാനം,സംഗീതം, ഗായകര്‍ ആരാണെന്ന് ഓര്‍ക്കുന്നില്ല. വര്‍ഷമേറെയായതിനാല്‍ സിനിമയുടെ കഥ ശരിക്കും ഓര്‍മ്മവരുന്നില്ല. ഏതായാലും ആ കാലഘട്ടത്തില്‍ സമൂഹത്തില്‍ വിധവയാകുന്ന സ്ത്രീകള്‍ അനുഭവിച്ചിരുന്ന ഒറ്റപ്പെടലുകളും, അവഗണനകളും എത്രത്തോളമായിരുവെന്ന് ആ സിനിമ കാണിച്ചുതരുന്നു. വിധവയായ സ്ത്രീകള്‍ പിന്നീട് അന്യപുരുഷന്റെ മുഖം കൂടി കാണരുതെന്ന അലിഖിതനിയമം പിഴുതെറിഞ്ഞ്, അയാള്‍ അവളെ സ്നേഹിച്ചു... അവള്‍ തിരിച്ചും...
അങ്ങനെയീ യുഗ്മഗാനവും പാടി....
ഇനി നിങ്ങളും കേള്‍ക്കൂ ഈ മധുരമൂറുന്ന സുന്ദരഗാനം...Tere Mere Milan Ki Yeh Raina.mp3

നോട്ട്: ടി. സിനിമയുടെ കഥ ശരിക്കും ഓര്‍മിക്കുന്നില്ല. സാധാരണ സിനിമാകഥകള്‍ ഓര്‍ത്തിരിക്കാനുള്ള മെമ്മറി പവ്വര്‍ ഇത്തിരി കുറവാണെനിക്ക്. അതുകൊണ്ട് ഓര്‍മയില്‍ നിന്നും അരിച്ചിറങ്ങിയ കുറച്ചുകാര്യങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. തെറ്റുകളുണ്ടെങ്കില്‍ സദയം ക്ഷമിക്കുക. കടപ്പാട് ടി.സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക്.

Tuesday, September 23, 2008

വരുവാനില്ലാരുമീ...

വരുവാനില്ലാരുമീ വിജനമാമെന്‍വഴിക്കറിയാം അതെന്നാലുമിന്നും...
ഫാസിലിന്റെ മണിച്ചിത്രത്താഴിലെ ഈ ഗാനമായിരിക്കും ഞനേറ്റവും കൂടുതല്‍ കേട്ടിട്ടുള്ളതും, ഇഷ്ടപ്പെടുന്നതും...

ഇന്നത്തെക്കാലത്ത് കുട്ടികള്‍ക്ക് പ്രേമിച്ചുനടക്കാന്‍ മൊബൈല്‍ ഫോണുണ്ട്, ഇന്റെര്‍നെറ്റ് ഉണ്ട് മറ്റനേകം സൌകര്യങ്ങളുമുണ്ട്.
പക്ഷെ 93-94 കാലഘട്ടങ്ങളില്‍ ഒന്നും ഒന്നു സൊള്ളിപ്പറയാന്‍ ഒരു സാ‍ദാ ഫോണോ, ഒന്നു കണ്ടു വിഷമം മാറ്റാന്‍ കമ്പ്യൂട്ടറോ ഒന്നും പ്രചാരത്തിലായിട്ടില്ലായിരുന്നു. അന്നത്തെ പ്രണയിതാക്കളൊക്കെ ഇണയെ കാണാനോ, സംസാരിക്കാനോ ഒരു മാര്‍ഗ്ഗവുമില്ലാതെ നെഞ്ചും നീറി നീറി വേര്‍പാടിന്റെ വിരഹവേദനയും പേറി അങനെയിങ്ങനെ നടക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒട്ടേറെ നാളുകളുടെ വേര്‍പാടുകള്‍കൊടുവില്‍ കാമുകന്‍ കാമുകിയെ കാണാനെത്തി, സുഖവിവരങ്ങളൊക്കെ അന്വോഷിച്ചുകൊണ്ടിരുന്നപ്പോള്‍; വിരഹവേദന പൂണ്ട കാമുകി ടേപ്പ് റിക്കാര്‍ഡറില്‍ ഈ ഗാ‍നമിട്ട് കൊടുത്തു....

നിങ്ങളും കേള്‍ക്കൂ, ഈ ഗാനം.. K. S. Chitra - Varuvanillarumee Vijanamam.wma