Sunday, September 28, 2008

തേരേ മേരേ മിലനു കി യേ രേനാ....

2000 ലാണെന്നു തോന്നുന്നു, ഒരു രാത്രി ദൂരദര്‍ശനില്‍ അഭിമാന്‍ എന്നൊരു ഹിന്ദി സിനിമ ഉണ്ടായിരുന്നു. സുന്ദരിയായ വിധവ യുവതിയോട് സ്നേഹത്തിലാകുന്ന ചെറുപ്പക്കാരന്‍ യുവാവിന്റെ കഥയാണ് അഭിമാന്‍. വിധവയായി ജയാബച്ചനും, യുവാവായി അമിതാഭും ആണ് അഭിനയിക്കുന്നത്. സംവിധാനം,സംഗീതം, ഗായകര്‍ ആരാണെന്ന് ഓര്‍ക്കുന്നില്ല. വര്‍ഷമേറെയായതിനാല്‍ സിനിമയുടെ കഥ ശരിക്കും ഓര്‍മ്മവരുന്നില്ല. ഏതായാലും ആ കാലഘട്ടത്തില്‍ സമൂഹത്തില്‍ വിധവയാകുന്ന സ്ത്രീകള്‍ അനുഭവിച്ചിരുന്ന ഒറ്റപ്പെടലുകളും, അവഗണനകളും എത്രത്തോളമായിരുവെന്ന് ആ സിനിമ കാണിച്ചുതരുന്നു. വിധവയായ സ്ത്രീകള്‍ പിന്നീട് അന്യപുരുഷന്റെ മുഖം കൂടി കാണരുതെന്ന അലിഖിതനിയമം പിഴുതെറിഞ്ഞ്, അയാള്‍ അവളെ സ്നേഹിച്ചു... അവള്‍ തിരിച്ചും...
അങ്ങനെയീ യുഗ്മഗാനവും പാടി....
ഇനി നിങ്ങളും കേള്‍ക്കൂ ഈ മധുരമൂറുന്ന സുന്ദരഗാനം...Tere Mere Milan Ki Yeh Raina.mp3

നോട്ട്: ടി. സിനിമയുടെ കഥ ശരിക്കും ഓര്‍മിക്കുന്നില്ല. സാധാരണ സിനിമാകഥകള്‍ ഓര്‍ത്തിരിക്കാനുള്ള മെമ്മറി പവ്വര്‍ ഇത്തിരി കുറവാണെനിക്ക്. അതുകൊണ്ട് ഓര്‍മയില്‍ നിന്നും അരിച്ചിറങ്ങിയ കുറച്ചുകാര്യങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. തെറ്റുകളുണ്ടെങ്കില്‍ സദയം ക്ഷമിക്കുക. കടപ്പാട് ടി.സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക്.

9 comments:

യാരിദ്‌|~|Yarid said...

എനിക്കിഷ്ടപെട്ട ഒരു പാട്ടാണതു..!

Manikandan said...

ഹരീഷ്‌ചേട്ടാ,

ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും എനിക്കിഷ്‌ടമാണ്. എന്നാൽ ചിത്രന്റെ കഥയെപ്പറ്റി ആണു പ്രശ്നം. പ്രശസ്ത പിന്നണിഗായകനായ “സുബീർ” നാട്ടിൻ പുറത്തുകാരിയും അന്തർമുഖിയുമായ “ഉമ” യെ വിവാഹം കഴിക്കുന്നതും, അവരെ പിന്നണി സംഗീതലോകത്തുക്കു കൊണ്ടുവരുന്നതും തുടർന്ന് അവരുടെ കുടുംബജീവിതത്തിൽ ഉണ്ടാവുന്ന പ്രശ്‌നങ്ങളും ആണ് ഈ ചലച്ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തിലെ മറ്റു ഗാനങ്ങൾ
1. മീത് ന മിലാരെ മൻ‌കാ (കിഷോർ കുമാർ)
2. അബ് തൊ ഹെ തുംസെ (ലത മങ്കേഷ്‌കർ)
3. തേരി ബിന്ദിയാരെ (ലത മങ്കേഷ്‌കർ, മുഹമ്മദ് റാഫി)
4. പിയാ പിയാ ബിനാ ബസിയാ (ലത മങ്കേഷ്‌കർ)
5. ലൂടെ കൊയി മൻ‌ക നഗർ ബൻ‌കെ മെരാ ( ലത മങ്കേഷ്‌കർ, മൻഹാർ)
6. നദിയാ കിനാരെ (ലത മങ്കേഷ്‌കർ)

പിന്നെ ഹരീഷ്‌ചേട്ടൻ പറഞ്ഞ ഈ ഗാനം ലതജിയും, കിഷോർ കുമാറും ചേർന്നു പാടിയതാണ്. 1973-ൽ ഇറങ്ങിയ ഈ ചിത്രത്തിലെ പാട്ടുകൾ മജ്രൂഹ് സുൽത്താൻ‌പുരിയുടെ രചിച്ച്, എസ് ഡി ബർമ്മന്റെ സംഗീതസംവിധാനം നിർവഹിച്ചതാണ്.

മനോഹരമായ ഒരു ചിത്രത്തേയും അതിന്റെ ഗാനങ്ങളെയും ഓർമ്മിപ്പിച്ചതിനു ഹരീഷ് ചേട്ടനു നന്ദി.

Manikandan said...

ചെറിയ തിരുത്ത്: 1973-ൽ ഇറങ്ങിയ ഈ ചിത്രത്തിലെ പാട്ടുകൾ മജ്രൂഹ് സുൽത്താൻ‌പുരി രചനയും, എസ് ഡി ബർമ്മൻ സംഗീതസംവിധാനവും നിർവഹിച്ചവയാണ്.

(വിവർങ്ങൾക്ക് കടപ്പാട്: ഈ ചിത്രന്റെ ആഡിയോ കാസെറ്റ്, ഇന്റെർ‌നെറ്റ് മൂവി ഡറ്റാബേസ് (http://www.imdb.com/title/tt0069671) എന്നിവ)

ജിജ സുബ്രഹ്മണ്യൻ said...

ഈ ഗാനം ഞാന്‍ ആദ്യം കേള്‍ക്കുകയാണു.നല്ല പാട്ട്.പിന്നെ മണികണ്ഠന്റെ വിവരണവും കൂടെ ആയപ്പോള്‍ പോസ്റ്റ് കമ്പ്ലീറ്റ് ആയി..ഹരീഷിനും മണികണ്ഠനും അഭിനന്ദനങ്ങള്‍

siva // ശിവ said...

ഇത് എന്റെ പ്രിയ ഗാനങ്ങളില്‍ ഒന്ന്...മണികണ്ഠന് പ്രത്യേകം നന്ദി...

നിരക്ഷരൻ said...

ഹരീഷിന്റെ പോസ്റ്റില് മണികണ്ഠന്‍ കയറി സ്കോര്‍ ചെയ്തിരിക്കുന്നു. പെട്ടെന്നിപ്പോ ഈ പാട്ട് ഒന്നൂടെ കേള്‍ക്കാന്‍ പറ്റിയതിന് ഹരീഷിന് നന്ദി. അതിന്റെ ചരിത്രവും സിനിമയെപ്പറ്റിയൊന്നും അറിയില്ലായിരുന്നുവെങ്കിലും എന്റെ 80 ജി.ബി. പാട്ട് കളക്ഷനില്‍(പൈറേട്ടഡ് അല്ല, എല്ലാം ഒറിജിനല്‍-അത്രയും പാട്ടുകളുടെ ഒറിജിനല്‍ സീ.ഡി.യും കയ്യിലുണ്ട്) ഇതും ഉണ്ട് കേട്ടോ ?

കാന്താരിക്കുട്ടി ഇതൊന്നും കേട്ടിട്ടില്ലേ ? കഷ്ടായല്ലോ ? :)

സഹയാത്രികന്‍ said...

മനോഹര ഗാനം തന്നെ... ‘തേരി ബിന്ദിയാ രേ...‘ എന്ന ഗാനവും വളരെ മികച്ച നിലവാരം പുലര്‍ത്തുന്നു. എന്ന് വച്ച് മറ്റുള്ളത് മോശം എന്നല്ല കേട്ടോ, ഇവ മറ്റുള്ളവയില്‍ നിന്നും മികച്ച് നില്‍ക്കുന്നു... ഇപ്പോള്‍ ഇറങ്ങുന്ന ചവിട്ട്‌കുത്ത് ഗാനങ്ങളേക്കാള്‍ എത്രയോ മനോഹര ഗാനങ്ങളാണ് എല്ലാം.
:)

Manikandan said...

എന്തെങ്കിലും ഓർത്തുവെക്കുന്ന കാര്യത്തിൽ ഞാൻ വളരെ പിന്നിലാണ്. ഒരു പാട്ടുകേട്ടാൽ ആസ്വദിക്കാം എന്നല്ലാതെ അതിന്റെ രാഗം, താളം എന്നിവയൊന്നും മനസ്സിലാക്കനുള്ള അറിവ് എനിക്കില്ല. പലകാര്യങ്ങളിലും എന്നപോലെ സംഗീതത്തിലും എനിക്കുള്ള അറിവ് വട്ടപൂജ്യം തന്നെ. പലപ്പോഴും പാട്ടുകൾ എന്റെ മനസ്സിൽ തങ്ങിനിൽക്കുക അതിന്റെ വരികളുടെ അർത്ഥം എന്നെ വല്ലാതെ സ്പർശിക്കുമ്പോളാണ്. ഒരിക്കലും ഒരു പാട്ടും അതിന്റെ പത്തു ശതമാനമെങ്കിലും കൃത്യതയോടെയെങ്കിലും പാടുവാൻ എനിക്കു സാധിച്ചിട്ടില്ല. എന്റെ അച്ഛനും അനുജനും ഈ കാര്യത്തിൽ എന്റെ ഏറ്റവും വലിയ വിമർശകരാണ്. എന്നാൽ പലപ്പോഴും പാട്ടുകളുടെ വരികൾ ഓർത്തുവെക്കാൻ ശ്രമിക്കാറുണ്ട്. ആ ഗണത്തില്‍പ്പെടുന്ന ഒന്നാണ് ഈ ഗാനവും. ഈചിത്രം ഞാൻ എത്ര തവണ കണ്ടിട്ടുണ്ടെന്ന് എനിക്കു ഓർമ്മയില്ല. അമിതാബ് ബച്ചന്റെ ചിത്രങ്ങൾ ഞാൻ കണ്ടതിൽ എന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്ന മൂന്നു ചിത്രങ്ങളിൽ ഒന്നാണ് “അഭിമാൻ” മറ്റു രണ്ടെണ്ണം “സിൽ‌സില” “ആനന്ദ്” എന്നിവയാണ്. വളരെയധികം ഇഷ്ടമുള്ള ഒരു ചിത്രത്തിലെ ഇഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്നായതു കൊണ്ടാണ് ഇത്രയും ഇവിടെ എഴുതിപ്പോയത്. ഹരീഷ് ചേട്ടൻ ക്ഷമിക്കുക. തുടർന്നും ഇത്തരം മനോഹരങ്ങളായ ഗാനങ്ങളെപ്പറ്റിയുള്ള ബ്ലോഗ് തുടരണം എന്ന അഭ്യർത്ഥനയും ഉണ്ടെനിക്ക്. കാരണം മറവിയിൽ മാഞ്ഞുപോയിക്കൊണ്ടിരിക്കുന്ന ഗാനങ്ങളെ പൊടിതട്ടിയെടുക്കാൻ ഇതു സഹായിക്കും. ഈ ബ്ലോഗ് കണ്ടപ്പോഴാണ് ഈ പാട്ടിന്റെ ഓഡിയോ കാസെറ്റ് ഞാൻ തപ്പിയെടുത്തത്.

പിന്നെ നിരക്ഷരൻ ചേട്ടനോടുള്ള അസൂയകൂടിവരുന്നു. 80ജിബി പാട്ടുകൾ. അതും ഒറിജിനൽ. തികച്ചും അസൂയാവഹമായ ശേഖരം തന്നെ. അഭിനന്ദനങ്ങൾ. ഒരു പാടന്വോഷിച്ചു കിട്ടാത്തപാട്ടുകൾ വരുമ്പോൾ ചോദിക്കാൻ ഒരാളുകൂടെ ആയി. :)

ഹരീഷ് തൊടുപുഴ said...

യാരിദ്: നന്ദി..

മണികണ്ഠന്‍: ഈ അറിവുകള്‍ എനിക്കൊരു മുതല്‍ക്കൂട്ടുതന്നെയാണു മണീ; ഒട്ടേറെ നന്ദിയോടെ...

കാന്താരിക്കുട്ടി: നന്ദി...

ശിവാ: നന്ദി...

നിരക്ഷരന്‍ ചേട്ടന്‍: നന്ദി... ഇനി ഏതെങ്കിലും പാട്ടുകള്‍ വേണമെങ്കില്‍ ചോദിക്കൂട്ടോ...

സഹയാത്രികന്‍: സത്യം; നന്ദി....